Wednesday, 8 February 2017

ഖസാക്കിന്റെ ഇതിഹാസം



ഒ. വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം ' തികച്ചും വേറിട്ട അനുഭൂതിയാണ് എനിക്കു പകര്‍ന്നു തന്നത്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ വച്ച് എന്നെ ഏറ്റവും കൂടുതല്‍  സ്വാധീനിച്ച പുസ്തകമാണിത് . ഖസാക്കിലെ കഥാപാത്രങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായാത്തതാണ്. കഥയിലെ ഭാഷ അല്‍പ്പം ബുദ്ധിമുട്ടായിരുന്നെങ്കില്‍ പോലും അവസാനമായപ്പോഴേക്കും ഖസാക്കില്‍ ജീവിച്ച് ആ ഭാഷ പഠിച്ചതുപോലായി. ആദ്യം കഥ വായിക്കുമ്പോള്‍ വലിയ താല്‍പര്യമൊന്നും തോന്നിയില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയതതായിരുന്നു .പകുതി ആയപ്പോഴേക്കും അതിലെ അക്ഷരങ്ങള്‍ എന്നെ ഖസാക്കിന്റെ മനസ്സുകളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരുന്നു . എന്റെ മനസ്സില്‍ പതിഞ്ഞ, എനിക്ക് സഹതാപം തോന്നിയ കഥാപാത്രമാണ് അപ്പുക്കിളി. അതുപോലെ മാധവന്‍നായര്‍, രവി, മൊല്ലാക്ക. ഇവരെല്ലാം മനസ്സില്‍ താഴിട്ടുപൂട്ടിയ കഥാപാത്രങ്ങളാണ്. അതുപോലെ കഥയിലെ കൊട്ടാരവും അറബിക്കുളവും ഞാറ്റുപുരയുമെല്ലാം മനസില്‍ മായാതെ കിടക്കുന്ന വാഗ്മയചിത്രങ്ങളാണ്. ഖസാക്കിലെ ഓരോ കഥാപാത്രങ്ങളുടെയും നിഷ്കളങ്കമായ മനസ്സ് എന്നെ ഏറെ സ്വാധീനിച്ചും അവരെല്ലാം വലിയ മനസ്സുള്ളവരാണ്. രവിയിലൂടെയാണ് ഞന്‍ ഖസാക്കിലേക്കു കടക്കുന്നതും അവിടെയെല്ലാം പരിചയപ്പെടുന്നതും. എനിക്കിവിടെ ഏറ്റവും വിഷമം അനുഭവപ്പെട്ടത് വിളയാട്ടം എന്ന ഭാഗം വായിച്ചപ്പോഴാണ്. ഖസാക്കിലെ എല്ലാവര്‍ക്കും വസൂരി പിടിപെട്ട് മരിക്കുന്ന ഈ ഭാഗം എന്നെ വല്ലാതെ ആകുലതയിലാഴ്ത്തി. ആ വലിയ സംഭവത്തിനു ശേഷം സ്കൂളില്‍ രവിയുടെ ഹാജര്‍ പട്ടികയിലെ ഒന്ന‌ടങ്കം കുട്ടികള്‍ ഒരു ഓര്‍മമാത്രമായിത്തീര്‍ന്നത് തികച്ചും എന്റെ ഹൃദയത്തെ തകര്‍ത്തു കഴിഞ്ഞിരുന്നു. അതുപോലെത്തന്നെ ഉണ്ടായ മൊല്ലാക്കയുടെ മരണവും വളരെ ഹൃദയസ്പര്‍ശിയായിരുന്നു. അവസാനം രവിയുടെ മടക്കയാത്രയും സ്വയം വരിച്ച മൃത്യുവും എന്നെ വല്ലാതെ നിരാശയിലാഴ്ത്തി. ഖസാക്കിനോടുള്ള രവിയുടെ വിടപറച്ചില്‍ എന്റെ ഹൃദയം ഖസാക്കില്‍ നിന്നും പിഴുതെടുക്കുന്ന വേദനയായിരുന്നു. അതിലൂടെ ഞാന്‍ രവിയുടെ വേദനയും മനസ്സിലാക്കി. ഒരിക്കലും മറക്കാനാവാത്ത കഥാ പശ്ചാത്തലമാണ് 'ഖസാക്കിന്റെ ഇതിഹാസം ' ഈ കഥ വായിച്ചതിനുശേഷമാണ് ഞാന്‍ ശരിക്കും എന്റെ നാടിനെ കാണുന്നത്. എന്റെ നാട്ടിലുമുണ്ട് ഇതുപോലൊരു ഖസാക്ക്. എന്റെ സ്വന്തം നാടായ വള്ളൂരില്‍ ഞാന്‍ ജീവിക്കുമ്പോള്‍ തികച്ചും മറ്റൊരു മറ്റൊരു ഖസാക്കിലൂടെ സഞ്ചരിക്കുകയാണ്.
                      'ഖസാക്കിന്റെ ഇതിഹാസം ' വായിച്ച് രണ്ടു ദിവസത്തിനു ശേഷം രാവിലെ ടി. വിയില്‍ വന്ന വാര്‍ത്ത എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ശിച്ചു . ഖസാക്ക് എന്നറിയപ്പെട്ടിരുന്ന തസ്രാക്കിനെ കുറിച്ചായിരുന്നു. ഒ. വി വിജയന്റെ ചരിത്രപ്രധാനമായ  ഖസാക്കിന്റെ ഇതിഹാസത്തില്‍ പരാമര്‍ശിക്കുന്ന തസ്രാക്ക് എന്ന ഗ്രാമം എന്റെ കണ്‍മുന്നില്‍ വിസ്മയം തീര്‍ത്തായിരുന്നു ഞാന്‍ കണ്ടത്. ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവായ ഒ. വി വിജയന്റെ സ്മരണക്കായിട്ടുള്ള സ്മാരകത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയായിരുന്നു അത്. അതിലൂടെ ആര്‍ക്കും വേണ്ടാതെ പായലുപിടിച്ചു കിടക്കുന്ന അറബിക്കുളവും അതിനോടടുത്ത്സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ അവശിഷ്ട്ങ്ങളും കൂടാതെ ഞാറ്റുപുരയും അനവിടെ ഖസാക്കിലെ ഇതിഹാസത്തിലെ കഥാപാത്രങ്ങളും മുഖം കൊത്തിവച്ച ശില്‍പ്പങ്ങളും ആ ഗ്രാമവും  ടി . വിയിലൂടെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കപ്പെടുന്ന പുസ്തകമാണ് ഖസാക്കിന്റെ ഇതിഹാസം  എന്നെനിക്ക് ആ പ്രോഗ്രാമിലൂടെ മനസ്സലായി . ഒരുകാലത്ത് ഖസാക്കില്‍ ജീവിച്ചിരുന്ന ഒരു ജനതയുടെ യഥാര്‍ത്ഥ ആവിഷ്ക്കാരമാണ് ഖസാക്കിന്റെ ഇതിഹാസം. ഇതിനുശേഷം ഈ പുസ്തകം വായിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എനിക്കിതിനെപ്പറ്റി ഇപ്പോള്‍ അഭിമാനമുണ്ട് .

.........................................
രേഷ്‍മ.വി(9D 2016-17 ബാച്ച്)
.........................................

No comments:

Post a Comment